Avsnitt

  • ആഗോളരാഷ്ട്രീയവും പ്രതിരോധരാഷ്ട്രീയവും ചരിത്രപരമായ ആഴത്തിൽ മനസ്സിലാക്കുന്ന ആർ . പ്രസന്നനുമായി സംസാരിക്കുമ്പോൾ നമ്മളും ആഗോളതലത്തിൽ നിൽക്കുന്നതുപോലെ തോന്നും.അദ്ദേഹം ഇപ്പോൾ മലയാളമനോരമയുടേയും The Week വാരികയുടേയും ഡൽഹിയിലെ റസിഡന്റ് എഡിറ്ററാണ്. ദില്ലി -ദാലിയിൽ ഇന്ത്യാ -കാനഡ പിണക്കത്തെക്കുറിച്ച് സംസാരിക്കുവാനാണ് അദ്ദേഹം എത്തിയത്.സംഭാഷണവിഷയങ്ങൾ : അപക്വമതിയും ആഗോളരാഷ്ട്രീയനേതാക്കളിലെ ആത്മരതിക്കാരിൽ ഒരാളുമായ ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ സ്വേച്ഛകൾ മാത്രമാണോ ഇന്ത്യൻ -കാനഡ ബന്ധങ്ങളെ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്-നിലയിലേക്ക് തള്ളിയത് ?, പുതിയ താഴ് -നിലയിൽ ഇന്ത്യയുടെ വക സംഭാവനയും ഉണ്ടോ ?, 1947 മുതലുള്ള ഇന്ത്യ -കാനഡ ബന്ധങ്ങളുടെ ചരിത്രം മറ്റെന്തെങ്കിലും പറയുന്നുണ്ടോ?, ലോകത്തിലെ രണ്ടു വലിയ ബഹുസ്വരജനാധിപത്യങ്ങൾ തമ്മിലുള്ള പിണക്കത്തിന് മറ്റ് പ്രത്യാഘാതങ്ങൾ ഉണ്ടോ ?, 15 .14 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ഉഭയവാണിജ്യബന്ധത്തിലെ കച്ചവടപ്പരുന്ത് എന്തിനും മീതേ പറന്ന് പ്രശ്നം പരിഹരിക്കുമോ ? എന്താണ് കാനഡയിലെ സിക്ക് രാഷ്ട്രീയം? രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വഷളായിരിക്കുമ്പോൾ കാനഡയിലെ മലയാളികൾ, അങ്ങോട്ടേക്ക് പോകാൻ തയ്യാറായിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?പോഡ്‌കാസ്റ്റ് ദൈർഘ്യം : 36 മിനിറ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻhttps://dillidalipodcast.com/

  • പ്രിയ സുഹൃത്തേ ,'മരണം , നൃത്തം ' എന്ന പുതിയ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് താങ്കൾക്ക് സ്വാഗതം .ദാർശനികൻ സ്പിനോസ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയെന്നോണം വൈലോപ്പിള്ളി 1939 ൽ എഴുതിയ ഒരു കവിതയെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ് അനുഭവമാണിത് .സ്പിനോസ ചോദിച്ചു , ' ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും ?, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ നിമിഷത്തിൽ ?'വൈലോപ്പിള്ളി ഒരു നർത്തകിയെ മുൻനിർത്തിപ്പറഞ്ഞു , മരണം നാളെ ഉറപ്പാണെന്നറിയുന്ന ഒരു നർത്തകിയുടെ ശരീരം അവസാനമായി ചെയ്യുന്നത് നൃത്തമായിരിക്കും' വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നർത്തകി അവസാനമായി ഒരു കന്യാസ്ത്രീ മഠത്തിൽ ചെയ്ത അവസാനനൃത്തമാണ് കവിതയുടെ പ്രമേയം . നർത്തകി പിറ്റേന്നു കൊല്ലപ്പെടുന്നു. പിറ്റേന്ന് മഠത്തിൽ നിന്നും ഒരു കന്യാസ്ത്രീ മഠം ഉപേക്ഷിച്ചു പോകുന്നു . പോകുന്നതിനു മുൻപ് മദർ സുപ്പീരിയറിന് ഒരു കത്തെഴുതിവെച്ചിരുന്നു, 'നുകരുവാൻ പോകുന്നു ഞാൻ ജീവിതം '1939 ൽ വൈലോപ്പിള്ളി എഴുതിയ കവിത വിപ്ലവകവിതയാണ് . മാത്രമല്ല നൃത്തത്തെക്കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും ദാർശനികമായ കവിതയുമാണ്.ഈ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 19 സെപ്റ്റംബർ 2023https://www.dillidalipodcast.com/

  • Saknas det avsnitt?

    Klicka här för att uppdatera flödet manuellt.

  • പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം.അമേരിക്കൻ സമൂഹത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പാട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒളിവർ അന്തോണി അത്ര പ്രശസ്തനൊന്നുമല്ല. ഒരു ഗിറ്റാറെടുത്ത് , ഒരു കാട്ടുപൊന്തയിൽ നിന്നയാൾ കഴിഞ്ഞ മാസം ഒരു പാട്ടുപാടി , അമേരിക്കയിലെ പണിയെടുക്കുന്നവർക്കുവേണ്ടി ...അവർ അധ്വാനിക്കുന്നതിന്റെ ലാഭം കൊണ്ട് സമ്പന്നജീവിതം നയിക്കുന്നവർക്കെതിരേ ഒരു പാട്ടുപാടി .ജനങ്ങൾ ആ ഗാനം ഏറ്റെടുക്കുകയായിരുന്നു . പാട്ടിന്റെ വിജയത്തിൽ നിന്നും മുതലെടുക്കുവാൻ അമേരിക്കയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഇറങ്ങിക്കഴിഞ്ഞു. എന്നാൽ ഗായകൻ പറയുന്നു , 'കക്ഷിരാഷ്ട്രീയം മരിച്ചിടത്തുനിന്നാണ് ഞാൻ പാടുന്നത് . ഞാൻ പാടിയത് ലോകത്തിലെ കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്കുവേണ്ടിയാണ്'Rich Men North of Richmond (റിച്ച്മോണ്ടിനും വടക്കുള്ള പണക്കാർ) എന്ന ഈ ഗാനത്തിന്റെ കഥയും ഗാനവുമാണ് ഈ പോഡ്‌കാസ്റ്റ് .സ്വീകരിച്ചാലും .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 15 സെപ്റ്റംബർ 2023https://www.dillidalipodcast.com/

  • ദില്ലി -ദാലി യുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .മഴ കാരണം രാവിലെ പുറത്തിറങ്ങിയുള്ള പതിവുനടത്തം മുടങ്ങി . പകരം വീട്ടിനുള്ളിലാക്കാമെന്നു കരുതി ,കൂടെ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ അസാമാനമായ പൂരിയ രാഗവും.പാട്ടുകേണ്ടുകൊള്ളുള്ള നടത്തിലെ ചിതറിയ ചിന്തകളാണ് ഈ പോഡ്‌കാസ്റ്റിൽ .സ്വന്തം ജയിൽ മുറിയ്ക്കുള്ളിൽ എല്ലാദിവസവും ഏഴുകിലോമീറ്റർ നടന്ന വിനോബ ഭാവെ , വർഷങ്ങളോളം ഒരൊറ്റകാട്ടുപാതയിൽ നടന്ന് ചിന്തയുടെ ഭൂഖണ്ഡങ്ങൾ കീഴടക്കിയ നീത്‌ഷെ , എഴുത്തച്ഛന്റെ ഏകാന്തയോഗി , നാലപ്പാട്ടെ പെണ്ണുങ്ങളുടെ മുഖത്തു നോക്കാൻ മടിച്ചിരുന്ന കുട്ടിക്കൃഷ്ണമാരാര് , നാരായണഗുരുവിൻ്റെ ദർശനമാല , അൽഷെയ്‌മേഴ്‌സ് ബാധിച്ച ഒരു സുഹൃത്ത് , കംബോഡിയയിൽ യുദ്ധരംഗത്തേക്ക് തോക്കേന്തി തള്ളപ്പെട്ട കുഞ്ഞുങ്ങൾ , ആലുവായിൽ പീഡിപ്പിക്കപ്പെട്ട ഒൻപതുകാരി ...എന്തെല്ലാം ചിതറിയ ചിന്തകളാണ് ഭീംസെൻ ജോഷി ഇന്നെന്നിൽ നിറച്ചത് . പോഡ്‌കാസ്റ്റിൽ പണ്ഡിറ്റ് ഭീം സെൻ ജോഷി പാടിയ 'പൂരിയ'യും ഉൾപ്പെടുത്തിയിരിക്കുന്നു .സംഗീതം ഉള്ളതിനാൽ ഹെഡ്‍ഫോൺ ഉപയോഗിച്ചാൽ ശ്രവ്യസുഖം കൂടും .സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 11 സെപ്റ്റംബർ 2023

    https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ ,അധ്യാപകദിനത്തിൽ ഒരു ശിഷ്യൻ ഗുരുവിനുവേണ്ടിയെഴുതിയ പുസ്തകം വായിക്കുകയായിരുന്നു . വിചാരണവേളയിലെ സോക്രട്ടീസിന്റെ വാക്കുകൾ ശിഷ്യൻ പ്ലേറ്റോ എഴുതിയത് , 'The Apology'.ഒരസാധാരണ ഗുരു സത്യത്തിനുവേണ്ടി വധശിക്ഷാവിധി ഏറ്റുവാങ്ങുന്ന കോടതിമുറിയിൽ ആ അസാധാരണശിഷ്യൻ സാക്ഷിയായിരുന്നു . സോക്രട്ടീസ് പറഞ്ഞു , ' കോടതികൾക്ക് സത്യമറിയില്ല . നിയമമേ അറിയൂ . ഈ വൃദ്ധനെ നിങ്ങൾ വധിച്ചുകൊള്ളൂ . സോക്രട്ടീസ് എന്ന സത്യമുള്ളവനെ വധിച്ചവർ എന്നതായിരിക്കും ചരിത്രത്തിൽ നിങ്ങൾക്കുള്ള സ്ഥാനം . ഇതാ നമുക്ക് വേർപിരിയാൻ സമയമായിരിക്കുന്നു. ഞാൻ മരിക്കാൻ പോകുന്നു . നിങ്ങൾ ജീവിക്കാനും. ഇതിൽ ഏതാണ് നല്ലതെന്ന് ആർക്കുമറിയില്ല , ദൈവത്തിനല്ലാതെ 'അദ്ധ്യാപകദിനത്തിലെ ഈ വായനാനുഭവം കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • പ്രിയ സുഹൃത്തേ ,ദില്ലി -ദാലിയുടെ ഓണപ്പതിപ്പിലേക്ക് സ്വാഗതം .കവി ജി .കുമാരപിള്ളയുടെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിൻ്റെ കവിതകളെക്കുറിച്ച് കവി പി .രാമനുമായുള്ള ഒരു സംഭാഷണമാണിത്.ഏതനുഭവത്തെയും വ്യക്ത്യനുഭവമാക്കി എന്നതാണ് ജി . കുമാരപിള്ളയെ ഒരു വലിയ കവിയാക്കിയത് എന്ന് രാമൻ പറയുന്നു .'നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി'സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • 1999 ലെ ഒരു ഓണക്കാലസ്മൃതിയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .അക്കൊല്ലം ഓണത്തിന് ഡൽഹിയിലെ ഞങ്ങളുടെ വീട്ടിൽ അതിഥിയായി സംഗീതജ്ഞൻ എം .ജി . രാധാകൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു .കുത്തബ് മിനാർ കോംപ്ലക്‌സിലൂടെ നടക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു , 'വഞ്ചീശമംഗളം' ഒന്നുപാടാമോ ?ഒരു മടിയും കൂടാതെ അദ്ദേഹം പാടി ,'വഞ്ചിഭൂമീപതേ ചിരം സഞ്ചിതാഭം ജയിക്കേണം'.....എന്നിട്ട് സുന്ദരമായ കുസൃതിച്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു, 'നാഗവല്ലീ , മനോന്മണീ രാമനാഥൻ തേടും ബാലേ'പ്രതിഭാധനനായ ഒരു സംഗീതജ്ഞന്റെ കൂടെ ചിലവഴിച്ച ഒരു ഡൽഹി ഓണദിവസത്തിൻ്റെ ഓർമ്മയിലേക്ക് സ്വാഗതം . പോഡ്‌കാസ്റ്റിൽ 1937 ൽ കമലാ ശ്രീനിവാസൻ പാടി record ചെയ്ത 'വഞ്ചീശമംഗള'വും ആ ഗാനത്തിന്റെ ചരിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 24 ആഗസ്റ്റ് 2023

  • ആധുനിക രാഷ്ട്രീയ ഇന്ത്യയെ വ്യത്യസ്ത രീതിയിൽ സ്വാധീനിച്ച മൂന്നുപേർ പഴയ ബോംബെ പ്രവിശ്യയിൽ നിന്നും വന്നവരാണ് , ഗാന്ധിയും അംബേദ്‌കറും സവർക്കറും. മൂന്നുപേരിൽ ഒരാളുടെ കാര്യമെടുത്താൽ ഏതാണ്ട് ഇരുപതാണ്ടുകൾക്കു മുന്നേവരെ ഇന്ത്യയിലെ ഒരു ചെറിയ ന്യൂനപക്ഷത്തിൻ്റെ, ഒരു ന്യൂനപക്ഷം സവർണ്ണ ഹിന്ദുവിഭാഗങ്ങളുടെ രാഷ്ട്രീയഗുരുമാത്രമായിരുന്നു അദ്ദേഹം. വിനായക് ദാമോദർ സവർക്കറാണ് ഇത്.എന്നാൽ ഇന്ന് അങ്ങനെയല്ല. ആരെങ്കിലും രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞാൽ വിപരീതധ്രുവത്തിന്റെ രാഷ്ട്രപിതാവെന്ന വലുപ്പത്തിൽ സവർക്കറെ കണ്ടുതുടങ്ങിയിരിക്കുന്നു.എന്തായിരുന്നു സവർക്കറിന്റെ കാഴ്ചപ്പാടുകൾ ? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ദേശീയതാസങ്കല്പം? ഇന്ത്യൻ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹം ബ്രിട്ടീഷ് വിരോധം ഉപേക്ഷിച്ചിരുന്നോ ?എന്തായിരുന്നു സവർക്കർക്ക് ജിന്നയും അംബേദ്‌കറും തമ്മിലുണ്ടായിരുന്ന ബന്ധം ? ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സവർക്കർ കണ്ടതെങ്ങനെയാണ് ? ഇന്ത്യയിലെ ഹിംസാത്മകമായ രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹത്തിൻ്റെ പങ്കെന്തായിരുന്നു ? ഇന്ത്യയിലെ കൃസ്ത്യാനികളെയും മുസ്ലിങ്ങളേയും അദ്ദേഹത്തിന്റെ രാഷ്ട്രീയം എങ്ങനെ വിലയിരുത്തി ?ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അനുയായിയായിപ്പോയ ഒരു മലയാളി 'എന്താ , സവർക്കർ ഒരു ദേശാഭിമാനിയല്ലേ ' എന്നു ചോദിച്ചാൽ എന്തുത്തരം നൽകാം ?ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരിണാമത്തെക്കുറിച്ച് ചരിത്രപരമായി അപഗ്രഥിക്കുന്ന കവി പി . എൻ . ഗോപീകൃഷ്ണനുമായുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം 'സവർക്കർ : മിത്തും യാഥാർഥ്യവും' എന്ന വിഷയത്തെ ആഴത്തിൽ പരിശോധിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 21 August 2023

  • ഉമേഷിന്റെ അമ്മയുടെ വാക്കുകൾ .' സ്‌കൂളിൽ പോകുമ്പോൾ അവൻ്റെ കഴുത്ത് വേദനിക്കരുത് എന്ന് വിചാരിച്ച് എത്ര സൂക്ഷിച്ചാണ് ഞാൻ അവന് ടൈ കെട്ടിക്കൊടുത്തിരുന്നത് . എന്നാൽ പതിനാറുകാരനായ ആ മകന്റെ ജീവനറ്റ ശരീരം രാജസ്ഥാനിലെ കോട്ടയിൽ നിന്നും തിരികെ വന്നപ്പോൾ ആ കഴുത്തിൽ ഒരു കറുത്ത പാടുണ്ടായിരുന്നു'2023 ൽ മാത്രം ആഗസ്ത് വരെ കോട്ടയിലെ അതിസമ്മർദ്ദ കോച്ചിങ് സെന്ററുകളിൽ ആത്മഹത്യ ചെയ്ത 19 Plus Two വിദ്യാർത്ഥികൾക്കുവേണ്ടിയുള്ളതാണ് ഈ പോഡ്‌കാസ്റ്റ് .എന്തിനാണ് താങ്ങാനാവാത്ത സമ്മർദ്ദത്തിലേക്ക് പത്താം ക്ലാസ്സുമുതൽ Plus Two വരെയുള്ള കുട്ടികളെ നമ്മുടെ അണുകുടുംബങ്ങളുടെ ഉത്‌കർഷേച്ഛകൾ തള്ളിവിടുന്നത് ?17385 IIT സീറ്റുകളിലേക്കുള്ള പ്രവേശനത്തെക്കാൾ കാതലായത് 19 ആത്മഹത്യകളാണ്, ആത്മഹത്യ ചെയ്യാനുള്ള ധൈര്യം പോലുമില്ലാതെ നിതാന്ത മാനസികദൗർബല്യത്തിലേക്ക് നടന്നുനീങ്ങുന്ന ആയിരക്കണക്കിനുവരുന്ന കൗമാരക്കാരാണ്.പോഡ്‌കാസ്റ്റ് കേൾക്കണമെന്നും എല്ലാവർക്കും പങ്കുവെയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു .സങ്കടത്തോടെ എസ് . ഗോപാലകൃഷ്ണൻ 14 ആഗസ്റ്റ് 2023https://www.dillidalipodcast.com/

  • ഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കൊല്ലമായ 1915 ലാണ് ഹിന്ദുമഹാസഭ ഉണ്ടായത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ ഗാന്ധി നാരായണഗുരുവിനെ കണ്ട 1925 ലാണ് രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായത് . 1915 ൽ ഇന്ത്യയിൽ തിരികെ എത്തിയശേഷം വൈക്കം സത്യഗ്രഹത്തിനു മുൻപ് ഗാന്ധി നേതൃത്വം കൊടുത്ത നാലു സത്യഗ്രഹങ്ങളിലും ജാതി ഒരു വിഷയമായിരുന്നില്ല. ഗാന്ധിയുടെ പിൽക്കാല രാഷ്ട്രീയ സാമൂഹിക ആത്മീയബോധപരിണാമങ്ങളിൽ വലിയ സ്വാധീനമാണ് വൈക്കം സത്യഗ്രഹം ഉണ്ടാക്കിയത് എന്ന ആശയവുമായി ബന്ധപ്പെട്ട ഒരന്വേഷണത്തിൻ്റെ തുടക്കമാണ് ഈ പോഡ്‌കാസ്റ്റ് . ഡൽഹിയിലെ സാംസ്കാരികകൂട്ടായ്മയായ ജനസംസ്കൃതി ആഗസ്റ്റ് ആറാം തീയതി നടത്തിയ 'വൈക്കം സത്യഗ്രഹത്തിന്റെ നൂറുവർഷങ്ങൾ' എന്ന സെമിനാറിൽ ഞാൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് .നന്ദി . സ്നേഹം .എസ് . ഗോപാലകൃഷ്ണൻ 07 ആഗസ്റ്റ് 2023 https://www.dillidalipodcast.com/

  • അടുത്തകൊല്ലം ഇന്ത്യ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ് . ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ അധാർമികമായ ഒരു വശം തെരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്രമാത്രം പണം എവിടെനിന്നുകിട്ടുന്നു എന്നതാണ് . ഇന്ത്യയിലെ ഏറ്റവും പ്രമുഖ സമ്പദ്‌കാര്യ പത്രപ്രവർത്തകരിൽ ഒരാളായ ടി .കെ അരുൺ അടുത്ത കാലത്ത് ഒരു ലേഖനം എഴുതിയിരുന്നു : Corrupt political funding makes all capitalists crony. മലയാളികൾക്കായി ഈ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ദില്ലി -ദാലിയ്ക്ക് ടി .കെ .അരുൺ നൽകിയ അഭിമുഖമാണ് ഈ പോഡ്‌കാസ്റ്റ് . നമ്മുടെയെല്ലാം ഭാഗധേയത്തെ നിർണയിക്കുന്ന രാഷ്ട്രീയ പാർട്ടികളും ഈ രാജ്യത്തെ മുതലാളിമാരും തമ്മിലുള്ള അവിഹിതബന്ധത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു സംഭാഷണം.ശ്രീ ടി കെ അരുൺ ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രങ്ങളിൽ സാമ്പത്തികരംഗത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും എഴുതുന്നു . ഡൽഹിയിലെ The Economic Times ന്റെ Opinion Editor ആയിരുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 03 ആഗസ്റ്റ് 2023https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ ,'ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു, കുഴപ്പം പിടിച്ച ലോകത്തോട് വിട ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കഴിഞ്ഞയാഴ്ച അന്തരിച്ച പോപ്പ് ഗായിക Sinéad O'Connor നുള്ള ആദരമാണ് ഇത് .പാശ്ചാത്യ ജനപ്രിയ സംഗീതത്തിൻ്റെ പ്രകാശ -ശബ്ദ -സമ്പദ് ധാരാളിത്തത്തിനു പിന്നണിയിൽ വ്യക്തിവിഷാദത്തിൻ്റെ ഇരുട്ടുണ്ട്. ദിശാമുഖം നഷ്ടപ്പെട്ട തോണിപോലെ വിഷാദത്തിൻ്റെ നടുക്കടലിൽ അലഞ്ഞപ്പോഴും ലോകത്തിന്റെ സംസ്‌കാരപ്രചോദിതമായ ചെവികൾക്കുവേണ്ടി Sinéad O'Connor സ്നാനശുദ്ധമായ നാദഭംഗിയിലും ശ്രുതിയിലും പാടിക്കൊണ്ടേയിരുന്നു . അവരെ അവസാനമായി തകർത്തുകളഞ്ഞത് പതിനേഴുകാരനായ മകന്റെ ആത്മഹത്യയാണ്. നിഷേധിയായിരുന്നു അവർ . മാറിൽ ക്രിസ്തുവിനെ പച്ചകുത്തിയ അവർ പാടുന്ന വേദിയിൽ പോപ്പിന്റെ ചിത്രം കീറിയെറിഞ്ഞു .അവസാനമായി അവർ പാടിയ പാട്ടിൻ്റെ വരികൾ ഇതാണ് ...കുഴപ്പം പിടിച്ച ഈ ലോകവുമായുള്ള എൻ്റെ പ്രശ്നങ്ങൾ തീരുന്നു .ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു .ഈ ഗാനവും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 30 ജൂലായ് 2023

    https://www.dillidalipodcast.com/

  • ഒരു നായയെ സ്വർഗത്തിലേക്ക് വിടാൻ മനുഷ്യന്റെ ഭാഷയ്ക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് അവളെ നാം ദിവംഗതയാക്കാത്തത്. ദിവം സ്വർഗമാണ് . അതിലേക്ക് ഗമിക്കലാണ് ദിവംഗത ചെയ്യുന്നത്.ജീവിച്ചിരിക്കുന്നവർക്ക് മരണാന്തരകാര്യങ്ങളെയോർത്തുള്ള വെപ്രാളമാണ് മരണസംബന്ധമായ എല്ലാ വാക്കുകളിലും കാണുന്നത്.ജീവിതത്തിന്റെ മുന്തിരിസത്തുതീർന്ന് ചത്തുപോയവരാകട്ടെ, ഒന്നുമറിയുന്നില്ലാതാനും.അതിനാലാണ് കുമാരനാശാൻ എഴുതിയത് 'ചത്തവർക്ക് കണക്കില്ലയെന്നാലും എത്രപാർത്തുപഴകിയതാകിലും ചിത്തത്തിൽ കൂറിയിന്നവർ പോകുമ്പോൾ പുത്തനായ് തന്നെ തോന്നുന്നുവോ മൃതി ' എന്ന് . മരണം ജീവിതത്തിന് പുറത്താണ് നടക്കുന്നത് . ജീവിതമാകട്ടെ ഭാഷയ്ക്കുള്ളിലും !മലയാളത്തിലെ മരണവാക്കുകളെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് .വാക്കിന്റെ പ്രേതസഞ്ചാരം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 25 ജൂലായ് 2023 https://www.dillidalipodcast.com/

  • പ്രിയസുഹൃത്തേ,ലാലോൺ ഫക്കീറിന്റെ ഒരേയൊരു ചിത്രം രബീന്ദ്രനാഥ ടാഗോറിൻ്റെ ജ്യേഷ്ഠൻ ജ്യോതീന്ദ്രനാഥ ടാഗോർ 1889 ൽ വരച്ചതാണ്. ഫക്കീർ ഏകാന്തനായി ഒരു തോണിയിൽ പദ്‌മ നദി കുറുകേക്കടക്കുന്നതായി.ലാലോൺ ഫക്കീർ മതവൈരങ്ങളെ ചോദ്യം ചെയ്തു പാടി. വംശീയവൈരങ്ങളെ ചോദ്യം ചെയ്തു പാടി. ബംഗാളിലെ ഈ മഹാനായ സൂഫി അധികാരപീഠങ്ങളെ പരിഹസിച്ചുപാടി. ആ ചിന്തകകവിയുടെ പാട്ടുകൾ ടാഗോറിൻ്റെ ഗീതാവിതാനത്തേയും കാസി നസ്രുൾ ഇസ്‌ലാമിന്റെ ഗീതികളെയും സ്വാധീനിച്ചു. ലാലോൺ ഫക്കീറിന്റെ 'വീണുപോയവരുടെ നാഥാ , എന്നെ മറുകര എത്തിച്ചാലും' എന്ന വിലാപഗാനത്തെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി.വശീയവൈരത്തിൽ മണിപ്പൂരിൽ അപമാനിതരായ പെൺകുട്ടികൾക്കായി ഈ പോഡ്‌കാസ്റ്റ് .സ്വീകരിച്ചാലും.അനുഷേ അനാദിൽ , ബാവുൽ ഷാഫി മണ്ഡൽ, ലാലോൺ ബാൻഡിലെ സുമി തുടങ്ങിയവർ പാടിയ 'എന്നെ മറുകര എത്തിച്ചാലും' എന്ന ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 21 ജൂലായ് 2023 https://www.dillidalipodcast.com

  • രാഷ്ട്രീയപ്രവർത്തനത്തിൽ എന്നും എതിർചേരിയിൽ നിന്നിട്ടും ഉമ്മൻ ചാണ്ടിയെ സുരേഷ് കുറുപ്പ് എന്തുകൊണ്ട് സുജനാധിപത്യമര്യാദകളുടെ പ്രതിനിധിയായി കാണുന്നു?തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടായിരുന്ന സാമുദായികാന്തർധാരകളെ ഉമ്മൻ ചാണ്ടി എങ്ങനെ സ്വാംശീകരിച്ചു?കോട്ടയത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സുരേഷ് കുറുപ്പ്, ഉമ്മൻ ചാണ്ടി ഒരു ജനപ്രതിനിധി എന്ന നിലയിൽ ഉണ്ടാക്കിയ മാനദണ്ഡങ്ങളെ എങ്ങനെ വിലയിരുത്തുന്നു?കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത് അദ്ദേഹത്തെ പരിമിതപ്പെടുത്തിയോ? അത് ദേശീയകോൺഗ്രസിന് നഷ്ടമായോ?സമീപകാലത്ത് തീവ്രമതരാഷ്ട്രീയം ഉയർത്തുന്ന ഭീഷണികളെ ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞിരുന്നോ?രണ്ട് ക്രിസ്തീയസഭകൾ തമ്മിലുള്ള തർക്കത്തെ ഉമ്മൻ ചാണ്ടിയുടെ തന്ത്രജ്ഞത എങ്ങനെ കൈകാര്യം ചെയ്തു?ഉമ്മൻ ചാണ്ടിയുടെ ജനപ്രിയ രാഷ്ട്രീയ ശൈലി മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് പരിമിതികൾ ഉണ്ടാക്കിയോ? സ്നേഹപൂർവംഎസ്. ഗോപാലകൃഷ്ണൻ18 July 2023https://www.dillidalipodcast.com/

  • മധ്യപ്രദേശിലെ കുനോ ദേശീയപാർക്കിൽ ആഫ്രിക്കയിൽ നിന്നും പുനധിവസിപ്പിച്ച 24 ചീറ്റകളിൽ പതിന്നാലെണ്ണം മരിച്ചു .നമീബിയയിലെ വനത്തിൽ അതിന് ജന്മാവകാശമായി കിട്ടിയ സ്വതന്ത്രജീവിതമാണ് പണ്ട് നാടുവാഴികൾ ഇന്ത്യയിൽ വെടിവെച്ചുകൊന്ന ഏഷ്യാറ്റിക് ചീറ്റകളോടുള്ള കുമ്പസാരത്തിനായി നാം കവർന്നെടുക്കുന്നത് .ഇന്ത്യയിലെ ആഫ്രിക്കൻ ചീറ്റകളുടെ മരണത്തിന് അവസാനത്തെ ഇന്ത്യൻ ചീറ്റയെ വെടിവെച്ചുകൊന്നപ്പോഴുണ്ടായ ദുരന്തത്തെക്കാൾ വലുപ്പമുണ്ട് ഇന്ത്യയുടെ ചീറ്റ പുനരധിവാസപദ്ധതി പരാജയത്തിലേക്കോ ? : സമഗ്രചിത്രം 2023 ജൂലായ്സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 16 ജൂലായ് 2023https://www.dillidalipodcast.com/

  • ഇത് എം ടി എന്ന സാമൂഹ്യാനുഭവത്തെക്കുറിച്ചാണ് . അദ്ദേഹത്തിൻ്റെ സാഹിത്യത്തെക്കുറിച്ചല്ല.എം ടി എന്ന ആധാരശ്രുതിയുടെ പ്രത്യേകത അദ്ദേഹത്തെ മലയാളി പ്രതീക്ഷിക്കാത്ത ഒരിടത്തിൽ അദ്ദേഹം വന്നുനിൽക്കില്ല എന്നതാണ് . ദീർഘമായ സർഗ്ഗജീവിതമുള്ള ഒരാൾക്ക് കേരളത്തിൽ അതത്ര എളുപ്പമുള്ള കാര്യമല്ല. തനിക്ക് പറയാനുള്ളത് തൻ്റെ എഴുത്തിന്റെ സമഗ്രതയിലുണ്ടെന്ന മട്ടിലാണ് ആ അസാന്നിദ്ധ്യം. അസാന്നിദ്ധ്യത്തിലും സന്നിഹിതമാകുന്ന ഒരു ശ്രുതിയാണത്. അതാണ് പോഡ്‌കാസ്റ്റ് പരാമർശിക്കുന്നത്.മിയാൻ കി തോടി (ശുഭപന്തുവരാളി) നമ്മെ ചിന്താധീനരാക്കുന്ന ഒരു രാഗമാണ് . നമ്മെ ഓരോരുത്തരേയും അത് ഏകാന്തപഥികരാക്കും. 1980 ൽ അമരാവതിയിൽ പണ്ഡിറ്റ് ഭീം സെൻ ജോഷി അവതരിപ്പിച്ച അസാമാന്യമായ ഒരു Mian ki Todi നവതിയിലെത്തിയ MT യ്ക്ക് സമർപ്പിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 12 ജൂലൈ 2023 https://www.dillidalipodcast.com/

  • ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്രസംഭാവനകളെക്കുറിച്ച് പ്രമുഖ ദേശീയ കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണിയുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .നമ്പൂതിരിയുടെ ദൃശ്യപരമായ ഓർമ്മശക്തി, അദ്ദേഹത്തിൻ്റെ സവിശേഷ ലാവണ്യലോകങ്ങൾ, അദ്ദേഹമുൾപ്പെട്ട ഒരു സഹൃദയസംഘത്തിന്റെ സാമൂഹ്യബദ്ധതകൾ, നമ്പൂതിരിയുടെ ഒറിജിനലുകൾ സംരക്ഷിയ്ക്കപ്പെടേണ്ടതിന്റെ അടിയന്തിരാവശ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംഭാഷണം ചിന്തിക്കുന്നു .A conversation with E.P. Unny by S. Gopalakrishnan on Artist Namboodiri

  • ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ് .ഞങ്ങൾ ഉരുക്കിന്റെ ഹൃദയമുള്ളവർ .....ഉസ്ബെകിസ്താനിലെ പുരാതനനഗരമായ ഖ്ഹിവയിൽ നിന്നും മറ്റൊരു ചരിത്രനഗരമായ ബുഖാരയിലേക്ക് ടാക്സിയിൽ യാത്രചെയ്തപ്പോൾ കേട്ട ഗാനമാണിത് . ആ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ടെദ്ഹാൻ ഹസൻ എന്ന ആൾ പാടിയ ഒരു ഉസ്ബെക് ദേശാഭിമാന ഗാനമാണിത് . ഞങ്ങളുടെ ഡ്രൈവർ ദേശാഭിമാനപ്രചോദിതമായി, സ്റ്റിയറിങ്ങിൽ താളമിട്ട്, ഹസനോടൊപ്പം പാടുന്നുണ്ടായിരുന്നു ... : 'കാദി൦ അസ്സൽ അസ്സൽദാൻ, കാദി൦ അസ്സൽ അസ്സൽദാൻ'.' വിജയശ്രീലാളിതമായ ഒരു ഭൂതകാലത്തിൻ്റെ യശസ്സാണിത്.തുർക്കിസ്താന്റെ തിമൂർ , ഉലുഗ് ബെക് , ബാബർ , ചെങ്കിസ് ഖാൻ ...ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ്'ഒരു പാട്ടിൻ്റെ പോഡ്‌കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം . ഗാനവും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 04 ജൂലായ് 2023 https://www.dillidalipodcast.com/

  • അന്തരിച്ച പി.ചിത്രൻ നമ്പൂതിരിപ്പാടിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി-ദാലി പോഡ്കാകാസ്റ്റിലേക്ക് സ്വാഗതം.നാലു പതിറ്റാണ്ടുകളിൽ അദ്ദേഹത്തോടടുത്ത് ജീവിച്ച മരുമകൻ ഡി. അഷ്ടമൂർത്തിയുമായുള്ള സംഭാഷണമാണിത്.എന്തുകൊണ്ട് അബ്രഹാമിക് മതങ്ങളിലെ പിതാമഹനില ചിത്രൻ നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നു എന്ന് അഷ്ടമൂർത്തി കരുതുന്നു?നൂറ്റിമൂന്നാം വയസ്സിലും വൈകുന്നേരം നടക്കാനിറങ്ങിയ അദ്ദേഹത്തിൻ്റെ ഓജസ്സാർന്ന ജീവിതരീതികൾ എന്തായിരുന്നു? ഭക്ഷണക്രമങ്ങൾ എന്തായിരുന്നു?ജോസഫ് മുണ്ടശ്ശേരി, കെ. ദാമോദരൻ, ഇ.എം. എസ് നമ്പൂതിരിപ്പാട് എന്നിവരുമായുള്ള ബന്ധമെന്തായിരുന്നു?അഞ്ചേക്കർ ഭൂമിയും സ്കൂളും സർകാരിനു നൽകിയതെന്തുകൊണ്ട്?പതിമൂന്നാം വയസ്സിൽ വിദേശവസ്ത്ര ബഹിഷ്കരണത്തിൽ പങ്കെടുത്ത കൗതുകകരമായ കാര്യമെന്താണ്?ഇന്ത്യയുടെ സാംസ്കാരിക രാഷ്ട്രീയം എങ്ങനെയാണ് ചിത്രൻ നമ്പൂതിരിപ്പാടിൽ പ്രവർത്തിച്ചത്?കേരളത്തിലെ വിദ്യാഭ്യാസരംഗത്തിൻ്റെ വർത്തമാനകാലത്തെ അദ്ദേഹം എങ്ങനെ കണ്ടു?എന്താണ് അദ്ദേഹത്തെ ഹിമാലയത്തിലേക്ക് അടുപ്പിച്ചത്?എന്തുകൊണ്ട് അദ്ദേഹം ഒരു സന്ദേഹിയായിരുന്നു?ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് മേൽക്കോയ്മ വന്ന ഇക്കാലത്ത് അദ്ദേഹം ഈ മാറ്റത്തെ എങ്ങനെ കണ്ടു?എന്തുകൊണ്ട് കേരളത്തിലെ പെൻഷനേഴ്സ് കണ്ണീരോടെ അദ്ദേഹത്തിൻ്റെ അന്ത്യയാത്രയെ അനുഗമിച്ചു?പോഡ്കാകാസ്റ്റിൻ്റെ ദൈർഘ്യം:പോഡ്കാസ്റ്റിലേക്കുള്ള ലിങ്ക് ആദ്യ കമൻ്റായി നൽകിയിരിക്കുന്നു.സ്നേഹപൂർവംഎസ്. ഗോപാലകൃഷ്ണൻ30 ജൂൺ 2023https://www.dillidalipodcast.com/